Thursday, January 17, 2013

ഓര്‍മയിലെ ഒരു മാമ്പഴക്കാലം


എന്റെ ഗ്രാമത്തിലെ ചില ഗതകാല സ്മരണകള്‍ ആണിത്. പക്ഷെ ഇത് സത്യമായ ഓര്‍മ്മകള്‍ ആണ്. ഇത് പോലെ പലര്ക്കും അവരുടെ നാട്ടിലെ എന്തെങ്കിലും കഥകള്‍ ഉണ്ടാകും. എന്നും മാമ്പഴക്കാലം ഓര്‍ക്കുമ്പോള്‍ ‍ മനസ്സിന്റെ ഏതോ കോണില്‍ ഒരു നൊമ്പരത്തില്‍ കലര്‍ന്ന സുഖം.

ഞങ്ങള്‍ കുട്ടികള്‍ മഴയും കാറ്റും വരുമ്പോള്‍ വല്ലപ്പോഴുമെങ്കിലും അതാസ്വദിക്കാന്‍ പുറത്ത് ഇറങ്ങി കളിക്കുക പതിവായിരുന്നു. ചിലപ്പോള്‍ മഴയില്ലാതെ അതിശക്തമായ കാറ്റ് വരാറുണ്ട്. ഞാന്‍ താമസിക്കുന്ന മങ്കൊമ്പ് എന്ന് പറയുന്ന സ്ഥലം കുട്ടനാട്ടിലെ പട്ടന്മാരുടെ ഒരു കേന്ദ്രമായിരുന്നു. ഇന്ന് അവരുടെ സംഖ്യ വളരെ കുറഞ്ഞു. ഒന്നും രണ്ടും മാത്രം വളരെ പ്രതാപമില്ലാതെ നില നില്കുന്നു. അവരുടെ പറമ്പുകളില്‍ ധാരാളം മാവ് ഉണ്ടാകും. അതും നല്ല നല്ല മാങ്ങ ഉള്ളത്. മാമ്പഴം പാകമാകുന്ന സമയത്തൊക്കെ വലിയ കാറ്റ് വരാറുണ്ട്. വലിയ കാറ്റില്‍ പഴുത്ത മാങ്ങകള്‍ ആലിപ്പഴം പോലെ താഴെ വീഴുന്നത് കാണാമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ഈ സമയം നോക്കി ഒരു സഞ്ചിയും എടുത്തു നാട്ടിലെ പട്ടന്മാരുടെ പറമ്പുകളില്‍ അവര്‍ കാണാതെ ഒളിച്ചും പതുങ്ങിയും മാങ്ങ പെറുക്കാന്‍ പോകും. ചില പറമ്പിലൊക്കെ വലിയ ഒരു കാറ്റ് വന്നാല്‍ മഴ വരുന്നത് പോലെ മാമ്പഴവും താഴെ വീണുകൊണ്ടിരിക്കും. ഞങ്ങള്‍ പെട്ടെന്ന് അത് സഞ്ചിയിലാക്കും. എത്ര വേഗമാണ് സഞ്ചി നിറയുന്നത്. പക്ഷെ സ്വാമിമാരുടെ കണ്ണ് വെട്ടിച്ചുവേണം പെറുക്കാന്‍. പക്ഷെ ഞങ്ങള്കറിയാം അവര്‍ പൊതുവേ പേടിയുള്ളവര്‍ ആണ്. അവര്‍ ഈ വലിയ കാറ്റില്‍ കതകുകള്‍ ഒക്കെ അടച്ചു വീട്ടിനുള്ളില്‍ ഇരിക്കും. അതാണ്‌ പതിവ്. പക്ഷെ ഒരിക്കല്‍ ഞങ്ങളുടെ അടുത്തുള്ള കുളത്തുസ്വാമിയുടെ പറമ്പില്‍ ഞങ്ങള്‍ കയറി വളരെ ദ്രിതി പിടിച്ചു മാങ്ങ പെറുക്കുകയായിരുന്നു. ഞങ്ങളെ കണ്ടു കയ്യോടെ പിടി കൂടാന്‍ വന്നു. പക്ഷെ ഞങ്ങള്‍ നിന്ന് കൊടുത്തിട്ട് വേണ്ടേ. ഞങ്ങള്‍ മതില്‍ ചാടി ഓടി രക്ഷപെട്ടു. ഞങ്ങളുടെ അയല്‍വാസി ആയതുകൊണ്ട് അവര്‍ കുറച്ചു സൌഹാര്ധത്തില്‍ ആയിരുന്നു. പിറ്റേ ദിവസം ഞങ്ങളെ കണ്ടപ്പോള്‍,

ഇന്നലെ നിങ്ങള്‍ എന്തിനാ എന്നെ കണ്ടപ്പോള്‍ ഓടിയത് ? സ്വാമി
പേടിച്ചിട്ടാ സ്വാമി. ഞങ്ങള്‍
എന്തിനാ പേടിക്കുന്നത്, ചോദിച്ചാല്‍ ഞാന്‍ തരില്ലായിരുന്നോ? സ്വാമി
എന്നുപറഞ്ഞു കുറച്ചു മാമ്പഴം ഞങ്ങള്ക് നല്‍കി.
അന്ന് മുതല്‍ അവിടുന്ന് മാങ്ങ പെറുക്കാന്‍ പെടിയില്ലാതായി.

അടുത്ത് തന്നെ ആളിന്റെ സഹോദരന്‍ താമസിക്കുന്നുണ്ട്. പകല്‍ സമയം ഞങ്ങളെ കാണുമ്പോള്‍ ചോദിക്കും.
ഊണിനെന്താ കറി? ഒലെത്തെറച്ചി, മീന്‍ പൊരിച്ചത്, ഹായ് മ്ലേച്ചം, ഹി ഹി ഹി!! (കളിയാക്കിയാണോ അതോ കൊതികൊണ്ടാണോ എന്ന് ഞങ്ങള്‍ സംശയിച്ചു) (ഞങ്ങള്‍ ക്രിസ്ത്യാനികള്‍ ആകുമ്പോള്‍ ഇതൊക്കെ ഉപയോഗിക്കുമല്ലോ)

സത്യത്തില്‍ ഈ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ആണ് സത്യം അറിയുന്നത്. ഇവരും ഞങ്ങളുടെ അപ്പനും സഹോദരങ്ങളും എല്ലാം ഇന്ന് ഞങ്ങളെ പോലെ ഒരേ പാത്രത്തില്‍ നിന്നും കഴിക്കുകയും കുടിക്കുകയും ചെയ്തിരുന്നവരായിരുന്നത്രേ!!! അതിന്റെ കൊതി കൊണ്ടായിരിന്നു അത് പറഞ്ഞത് എന്ന് ഞങ്ങള്‍ ഉറപ്പിച്ചു.

പിന്നെ ഒരിക്കല്‍ ഒരു സംഭവം

ഞങ്ങളുടെ വീടിനു മുമ്പില്‍ ഒരു രണ്ടേക്കര്‍ സ്ഥലം സ്കൊയര്‍ ആകൃതിയില്‍ കൃഷി ഭൂമി ആണ്. ആ കൃഷി ഭൂമിയും അതിന്റെ നാല് സൈഡിലും ഉള്ള സ്ഥലവും സരസമ്മ (ഭര്‍ത്താവ് മരിച്ചുപോയി) എന്ന് വിളിക്കുന്ന ഒരു ചേച്ചിയുടെതാണ്. ചേച്ചിക്ക് ഒരു കുഴപ്പമുണ്ട് 'മാങ്ങ' എന്ന് പറഞ്ഞാല്‍ 'തേങ്ങ' എന്നാണ് കേള്കുന്നത്, അതായത് അല്പം കേഴ്വിക്കുറവു. പക്ഷെ അവരുടെ കാഴ്ച ശക്തി അതിഭയങ്കരം ആണ്. പറമ്പിന്റെ ഒരു സൈഡില്‍ ആണവരുടെ വീട്. പക്ഷെ ഞങ്ങളുടെ വീടിന്റെ ഭാഗത്തുള്ള കോണില്‍ പറമ്പ് കൂടുതല്‍ ഉണ്ട് അതില്‍ ധാരാളം മാവും. ഞങ്ങള്‍ പച്ച മാങ്ങ പോലും അതില്‍ നിന്ന് പറിക്കുക പതിവാണ്. അപ്പോള്‍ പിന്നെ മാമ്പഴത്തിന്റെ കാര്യം ചോദിക്കണോ. പറമ്പിന്റെ നടുവില്‍ പാടം ആയതിനാല്‍ അവര്ക് ചുറ്റും ഉള്ള സ്ഥലത്ത് നടക്കുന്നത് കാണാന്‍ പറ്റും. ഒരുദിവസം ഞങ്ങള്‍ മാമ്പഴം പെറുക്കാന്‍ കയറി. കയറിയ മാത്രയില്‍ അങ്ങേപ്പുറം നിന്ന് സരസമ്മ ചേച്ചി ഇത് കാണാനും ഞങ്ങളെ തെറി പറയാന്‍ തുടങ്ങി എടാ ........ മോന്മാരെ ..... മക്കളെ, തെറിയുടെ പൂരം. ഞങ്ങള്‍ തിരിച്ചും തെറി പറയും പക്ഷെ അത് വളരെ പതിയെ ആരും കേള്‍ക്കാതായിരുന്നു. പക്ഷെ അവര്‍ പറഞ്ഞാല്‍ നാട് മുഴുവന്‍ കേള്‍കുമായിരുന്നു, ചെവിക്കത്ര കേള്വിയില്ലാത്തത് കൊണ്ട് ശബ്ദം എടുക്കുന്നത് എത്രയെന്നറിയില്ലല്ലോ. ഇന്നവര്‍ അവിടില്ല ആലുവയ്കോ മറ്റോ പോയി.

ഞങ്ങള്‍ പഠിച്ചിരുന്ന അവിട്ടം തിരുനാള്‍ ഹൈ സ്കൂളിനടുത്ത്‌ 'കൊട്ടാരം' എന്ന് പറയുന്ന ഒരു മന ഉണ്ട്. ഇപ്പോഴും ഉണ്ടെങ്കിലും ആരും താമസമില്ല. കൊട്ടാരം സ്വാമിക്കും വളരെയേറെ മാവുണ്ട്. അവരുടെ പറമ്പില്‍ കയറാന്‍ കുട്ടികള്‍ ഭയക്കും. കാരണം ഒരു വലിയ പട്ടിയും ഉണ്ടാകും എപ്പോഴും കാവലായിട്ടു. തന്നെയുമല്ല രണ്ടു സൈഡിലും തോടുകള്‍ ഉണ്ട്. രണ്ടു സൈഡില്‍ വലിയ മതിലും. തോടിനിപ്പുറം ഞങ്ങളുടെ സ്കൂളാണ്. മതിലിനപ്പുറം പറമ്പില്‍ മതിലിനോട് ചേര്‍ന്ന് മാവ് ധാരാളം ഉണ്ടായിരിന്നു. കൂടുതല്‍ സേലം മാവായിരുന്നു മാങ്ങ പാകമായാല്‍ അത് തോട്ടിലോട്ടു ചാഞ്ഞു വരുമായിരുന്നു. ഞങ്ങള്‍ ധാരാളം മാങ്ങ പറിച്ചു തിന്നുമായിരുന്നു. പക്ഷെ വെളിയിലോട്ടുള്ളത് മാത്രം. അത് സേലം ആയതുകൊണ്ട് പഴുക്കാനുള്ള സമയം കൊടുക്കാറില്ലായിരുന്നു.

ഞങ്ങളുടെ വീട്ടില്‍ നിന്ന് കമ്പോളത്തിലേക്ക് പോകുന്ന വഴിക്കും ധാരാളം മാമ്പഴം ഞങ്ങള്ക് കിട്ടുമായിരുന്നു. വറ്റിവരണ്ട പാട വരമ്പിലൂടെയും മറ്റും ഞങ്ങള്‍ ഓരോ മാന്ച്ചുവട്ടിലേക്കും ഓടുമായിരുന്നു. വലിയ കാറ്റുള്ളപ്പോള്‍ അതൊരു രസമായിരുന്നു. എന്നും മാമ്പഴം ധാരാളം കിട്ടുമായിരുന്നു. പക്ഷെ എല്ലാം മോഷണം ആയിരുന്നെന്നു മാത്രം. ചിലവ ഞങ്ങള്‍ എടുത്തില്ലെങ്കില്‍ ചീഞ്ഞു പോകുമായിരുന്നു എന്ന്

ഞങ്ങള്ക് തോന്നുമായിരുന്നു. കമ്പോളത്തിലേക്ക് പോകുന്ന വഴ്യിലാണ് മങ്കൊമ്പ് ഭഗവതീ ക്ഷേത്രം അതിന്റെ ഒരു സൈഡില്‍ പട്ടന്മാരുടെ പറമ്പില്‍ ഇപ്പോഴും മാമ്പഴം താഴെ വീണു കിടക്കുന്നത് കാണാമായിരുന്നു. ഞങ്ങള്‍ കുട്ടികള്ക്, ഓണക്കാലം പോലെ തന്നെയായിരുന്നു മാമ്പഴക്കാലം.

ഞങ്ങളുടെ വീട്ടു വളപ്പിലും വളരെയേറെ മാവുണ്ടായിരുന്നു. അതില്‍ ഒരു മാവില്‍ ഉള്ള മാങ്ങ പഴുത്താല്‍ വളരെ മഞ്ഞ കളര്‍ ആകുമായിരുന്നു. ഞങ്ങള്‍ വിശക്കുമ്പോള്‍ മാവില്‍ കയറി വയറു നിറയെ ധാരാളം മാമ്പഴം തിന്നുമായിരുന്നു. ഇന്ന് ഞങ്ങളുടെ വീട്ടില്‍ രണ്ടു മാവ് മാത്രമാണുള്ളത്.

ഇന്ന് ഒരു പച്ച മാങ്ങയോ പഴുത്തതോ കണി കാണാനില്ല എന്ന അവസ്ഥ ആയി. കിട്ടും, വളരെ വില കൊടുക്കണമെന്ന് മാത്രം. ഏതായാലും പല കാര്യങ്ങളും പഴമയിലേക്കു നോക്കിയാല്‍ രസമായി തോന്നാറുണ്ട്.

No comments:

Post a Comment